17 ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവൎത്തിപ്പാനത്രെ ഞാൻ വന്നതു.
18 സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.
19 ആകയാൽ ഈ ഏറ്റവും ചെറിയ കല്പനകളിൽ ഒന്നു അഴിക്കയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കയും ചെയ്യുന്നവൻ സ്വൎഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവൻ എന്നു വിളിക്കപ്പെടും; അവയെ ആചരിക്കയും പഠിപ്പിക്കയും ചെയ്യുന്നവന്നോ സ്വൎഗ്ഗരാജ്യത്തിൽ വലിയവൻ എന്നു വിളിക്കപ്പെടും.
20 നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ സ്വൎഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
21 കുല ചെയ്യരുതു എന്നും ആരെങ്കിലും കുല ചെയ്താൽ ന്യായവിധിക്കു യോഗ്യനാകും എന്നും പൂൎവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
22 ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും; സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും.